കുവൈറ്റില്‍ പ്രവാസികളുടെ ചികിത്സാ ഫീസ്‌ നിരക്കില്‍ വര്‍ധന ഒക്ടോബര്‍ 1 മുതല്‍

Posted On 11:13 pm /-- 16/09/2017

കുവൈറ്റില്‍ പ്രവാസികളുടെ ചികിത്സാ ഫീസ്‌ നിരക്കില്‍ 100 – 500% വരെ വര്‍ധന ഒക്ടോബര്‍ 1 മുതല്‍. ഓ പി പ്രവേശനത്തിന് ഇനി 10 ദിനാര്‍ (നിലവില്‍ 2), വൈദ്യ പരിശോധനയ്ക്ക് 2 ദിനാര്‍ (നിലവില്‍ 1). പ്രവാസികളുടെ കുടുംബ ബജറ്റ് പിന്നെയും താളംതെറ്റും.നൂറു ശതമാനം മുതല്‍ അഞ്ഞൂറ് ശതമാനം വരെ വര്‍ധനയുമായി കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികളുടെ ചികിത്സാ ഫീസ്‌ വര്‍ധന ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്നു.ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇതോടെ തീരുമാനം പുനപരിശോധിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യങ്ങള്‍ ആസ്ഥാനത്തായിരിക്കുകയാണ്.പുനപരിശോധന ഉണ്ടായേക്കുമെന്ന പ്രചരണം ഉണ്ടായിരുന്നെങ്കിലും അത് ഇനി നടക്കില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികള്‍ക്ക് പുതുക്കിയ നിരക്കുകള്‍ പ്രകാരം ഓ പി പ്രവേശനത്തിന് ഇനി പത്ത് ദിനാര്‍ നല്‍കേണ്ടി വരും. നിലവില്‍ രണ്ടു ദിനാര്‍ നല്കിയിരുന്നിടത്താണ് അഞ്ഞൂറ് ശതമാനം വര്‍ധനവ്‌ നിലവില്‍ വരുന്നത്.

പുതിയ നിരക്ക് പ്രകാരം ക്ലിനിക്കുകളില്‍ വൈദ്യ പരിശോധനയ്ക്കുള്ള പ്രവേശന ഫീസ്‌ രണ്ടു ദിനാറായി വര്‍ധിക്കും. നിലവില്‍ ഇത് ഒരു ദിനാറാണ്. എമര്‍ജന്‍സി വാര്‍ഡുകളിലെ പ്രവേശനത്തിന് ഇനി അഞ്ച് ദിനാര്‍ നല്‍കേണ്ടി വരും.

ആശുപത്രികളിലെ മറ്റ്‌ സേവനങ്ങള്‍ക്കെല്ലാം ഇതേ നിരക്കില്‍ ഫീസ്‌ വര്‍ധന ബാധകമാണ്. കുവൈറ്റില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പുറമേ സന്ദര്‍ശക വിസയില്‍ ഇവിടെത്തി ചികിത്സ തേടുന്നവര്‍ക്കും വലിയ വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ജി സി സി പൌരന്മാര്‍, ബിദുനികള്‍ എന്നിവര്‍ ഉള്‍പ്പെടെ ഏതാനും വിഭാഗങ്ങളെ നിരക്ക് വര്‍ധനവില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. 12 വയസില്‍ താഴെ പ്രായമുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍, സ്വദേശിയുടെ വിദേശിയായ മാതാവ്, സ്വദേശി വിവാഹം ചെയ്ത വിദേശി ഭാര്യ, വിദേശിയെ വിവാഹം ചെയ്ത സ്വദേശി വനിതയുടെ കുട്ടികള്‍, കെയര്‍ഹോം അന്തേവാസികള്‍ എന്നിവര്‍ക്കൊന്നും നിരക്ക് വര്‍ധന ബാധകമായിരിക്കില്ല.

Category :


Leave a Comment