ഓൺലൈൻ തട്ടിപ്പ്, നിങ്ങളുടെ പണം തിരിച്ചു കിട്ടാൻ വഴികൾ !

Posted On 9:54 pm /-- 29/10/2017

കേരളത്തിൽ , പിൻനമ്പർ ചോർത്തി പണം തട്ടി, റിസർവ് ബാങ്കിൽ നിന്നെന്ന പേരിൽ വിളിച്ച് രൂപ തട്ടിയെടുത്തു, ഓരോ ദിവസവും ഇത്തരം കേസുകൾ വർധിച്ചു വരികയാണ്. ഇങ്ങനെ പണം നഷ്ടപ്പെട്ടാൽ പരാതിപ്പെടാനും തുക തിരിച്ചുകിട്ടാനും ഇപ്പോൾ സംവിധാനം ഉണ്ട്. കേരളത്തിൽ ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ തടയാൻ സൈബർഡോം രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പ് ആണിത്. ഈ ഗ്രൂപ്പ് ആദ്യ ഒരു മാസത്തിനുള്ളിൽ 600 കേസുകളിൽ നിന്നായി 26 ലക്ഷം രൂപ തിരിച്ചു പിടിച്ചു.പണമിടപാടുകൾ മരവിപ്പിക്കാൻ അധികാരമുള്ള ബാങ്ക് നോഡൽ ഓഫിസർമാർ, പേയ്മെന്റ് വൊലിറ്റ് ജീവനക്കാർ, ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പൊലീസ് എന്നിവർ ചേർന്ന ഈ ഗ്രൂപ്പ് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത്.

തട്ടിപ്പിന് ഇരയായാൽ രണ്ടു മണിക്കൂറിനുള്ളിൽ സൈബർസെല്ലിൽ വിളിച്ചറിയിക്കണം. ക്രൈം സ്റ്റോപ്പർ നമ്പറായ 1090 വഴിയും വിളിക്കാം. തുക പിൻവലിച്ചെന്നു കാണിച്ചു ബാങ്കിൽനിന്നു നിങ്ങൾക്കു ലഭിച്ച എസ്എംഎസ് അടക്കമുള്ള വിവരങ്ങൾ പൊലീസിന് എത്രയും പെട്ടെന്നു കൈമാറണം. വിവരങ്ങൾ ഓൺലൈനായും നൽകാം.
പരാതി ലഭിച്ചാലുടൻ അതത് ബാങ്കിന്റെ– വൊലിറ്റിന്റെ– ഇ കൊമേഴ്സ് സ്ഥാപനത്തിന്റെ പ്രതിനിധി ഇടപാട് മരവിപ്പിക്കാൻ നടപടി സ്വീകരിക്കും. മണിക്കൂറുകൾക്കുള്ളിൽ പണം തിരികെ അക്കൗണ്ടിലെത്തും. ഇതുവരെ കിട്ടിയ ഏതാണ്ട്
എല്ലാ പരാതിയിലും പണം തിരിച്ചുപിടിക്കാനായിട്ടുണ്ട്. പണം ഒരു അക്കൗണ്ടിൽനിന്ന് അടുത്തതിലേക്കു വേഗം കൈമാറുമെങ്കിലും ആറു മണിക്കൂറിനുള്ളിൽ ആണെങ്കിൽ തിരിച്ചുപിടിക്കാമെന്നാണു റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.

ബാങ്കിൽനിന്നു വരുന്ന ഒടിപി (വൺ ടൈംപാസ് വേഡ്) വഴിയാണു പകുതിയിലേറെ തട്ടിപ്പും.അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുക, എസ്ബിഐ–എസ്ബിടി ലയനം തുടങ്ങി കാലിക വിഷയങ്ങൾ ഉന്നയിച്ചാണു തട്ടിപ്പുകാർ സമീപിക്കുന്നത്. ഓരോ മാസവും പുത്തൻ തന്ത്രങ്ങളാണ് ഇവർ പ്രയോഗിക്കുക.
പണമിടപാടുകൾ നടത്തുമ്പോൾ ലഭിക്കുന്ന ഒടിപി, കാർഡ് നമ്പർ, പിൻനമ്പർ, മറ്റു സ്വകാര്യവിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്. എത്ര ഉയർന്ന ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാലും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ ആർക്കും നൽകരുത്.

 

 

 

Category :


Leave a Comment